കോഴിക്കോട്:ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ പൊലീസ് വീണ്ടും മണ്ണുനീക്കി തിരച്ചിൽ നടത്തി. അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്ന് വിജിൽ മരിച്ചതായും മൃതദേഹം തണ്ണീർത്തടത്തിൽ താഴ്ത്തിയതായും വിജിലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവർ മൊഴി നൽകിയിരുന്നു.
മൃതദേഹാവശിഷ്ടം തേടിയാണു 2 പ്രതികളുടെയും സാന്നിധ്യത്തിൽ പൊലീസ് തിരച്ചിൽ നടത്തിയത്. 2 പ്രതികളെയും കൊയിലാണ്ടി കോടതി ഇന്നലെ മുതൽ 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.പൊലീസ് സംഘം നേരത്തേ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും ഇന്നലെ 2.45ന് ആണു തണ്ണീർത്തടത്തിൽ തിരച്ചിൽ പുനരാരംഭിച്ചത്.
ചതുപ്പിലെ 7 അടിയോളം ആഴത്തിലുണ്ടായിരുന്ന വെള്ളം പമ്പ് ചെയ്തു വറ്റിച്ചു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പൊലീസിനെ സഹായിക്കുന്ന പന്തീരാങ്കാവ് സ്വദേശി മഠത്തിൽ അബ്ദുൽ അസീസിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ചതുപ്പിലെ മരക്കഷണങ്ങളും മറ്റും നീക്കം ചെയ്തു. മണ്ണുമാന്തി യന്ത്രം കൊണ്ടു ചെളി നീക്കിത്തുടങ്ങിയെങ്കിലും യന്ത്രം പ്രദേശത്ത് താഴ്ന്നു പോകുന്നതു ചെളി നീക്കുന്നതിനു തടസ്സമായി.
തഹസിൽദാർ എ.എം.പ്രേംലാൽ, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൃതദേഹം കണ്ടെത്താൻ കഴിവുള്ള മായ, മർഫി എന്നീ പൊലീസ് നായ്ക്കളെ സ്ഥലത്തെത്തിച്ചിരുന്നു. അഞ്ചരയോടെ തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ് സംഘം പ്രതികളുമായി മടങ്ങി.
ഇന്നു രാവിലെ 9ന് പൊക്ലെയ്ൻ യന്ത്രത്തിന്റെ സഹായത്തോടെ ചെളി നീക്കും. ചെളി കോരിയിടാൻ വേണ്ട സ്ഥലം സമീപത്ത് ഒരുക്കിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും രംഗത്തുണ്ടാകും. കഴിഞ്ഞമാസം 25നും 26നും സ്ഥലത്തു പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ കാരണം പിന്നീടു തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.