പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് നീട്ടി
ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത്
നിലവിലെ സ്ഥിതി കലക്ടര്‍ വിശദീകരിക്കണമെന്ന് കോടതി
തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാതയിലെ ടോളിനുള്ള വിലക്ക് നീക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതെന്ത് എന്നു ചോദിച്ച ഹൈക്കോടതി നാളെ തൃശൂര്‍ കലക്ടറോട് ഓണ്‍ലൈനായി ഹാജരാകാനും നിര്‍ദേശിച്ചു.
പൊളിഞ്ഞ റോഡിലൂടെ ഒച്ചിഴയുന്ന വേഗത്തില്‍ സഞ്ചരിച്ചാലും ടോളടയ്ക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ വാശി ഹൈക്കോടതി സമ്മതിച്ചു കൊടുത്തില്ല. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് കോടതി വിലക്കിയത് തല്‍ക്കാലം തുടരും. സര്‍വീസ് റോഡിലെ പ്രശ്നം പരിഹരിച്ചു വരുന്നതിനാല്‍ ഉത്തരവ് ഭേദഗതി ചെയ്ത് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം.
എന്നാല്‍ സര്‍വീസ് റോഡില്‍ ഗതാഗത പ്രശ്നമുണ്ടെന്ന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ ദേശീയപാത അതോറിറ്റി വെട്ടലായി. അടിപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത് അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. തൃശൂര്‍ കലക്ടര്‍ നാളെ ഓണ്‍ലൈനായി ഹാജരായി നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കണം. ദേശീയപാതയിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതെന്തെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ നിലപാടില്‍ യാത്രക്കാര്‍ക്ക് സന്തോഷം.
ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് വീണ്ടും ടോൾ വർധിപ്പിച്ചിരുന്നു. പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിർമാണം തുടങ്ങിയപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ സംവിധാനമൊരുക്കിയിരുന്നില്ല.
ഇതോടെ സർവീസ് റോഡുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തതോടെയാണ് ടോൾ പിരിവ് നിർത്തിവച്ചത്. എന്നാൽ അടിപ്പാതകളുടെ നിർമാണം മറ്റൊരു കമ്പനിക്കാണെന്നും പ്രശ്‌നങ്ങൾക്കു കാരണം തങ്ങളല്ലെന്നുമാണ് ടോൾ കരാർ കമ്പനിയായ ജിഐപിഎല്ലിന്റെ വാദം.
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.