കാഠ്മണ്ഡു: നേപ്പാളിൽ സർക്കാരിന്റെ അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനുമെതിരെ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച 'ജെൻ സി' പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്. പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിനും സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടതോടെ രാജ്യം കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
നേപ്പാളിൽ വെള്ളിയാഴ്ച മുതൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. അഴിമതിക്കെതിരെയും സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെയും യുവാക്കൾ ദേശീയ പതാകകൾ വീശി തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധ മാർച്ച് നടത്തി.
പ്രക്ഷോഭത്തിന്റെ ശക്തി വർധിച്ചതോടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ഇന്ന് ഉച്ചയോടെ രാജിക്കത്ത് സമർപ്പിച്ചു. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രക്ഷോഭത്തിൽ പ്രതികരിച്ച് പ്രസിഡന്റ് രാം ചന്ദ്ര പൗഡേൽ ഇന്നലെ രാജിവച്ചിരുന്നു. അതേസമയം രാജിവച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ സൈന്യം തുടരുകയാണ്.
തലസ്ഥാനത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പ്രക്ഷോഭകരുടെ ആക്രമണം. പാർലമെന്റ് മന്ദിരത്തിനും സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. കാഠ്മണ്ഡുവിലെ പൊലിസ് സ്റ്റേഷനുകൾക്കും ആക്രമണം നേരിട്ടു. മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേവൂബയുടെ വസതിക്കും ധനമന്ത്രി പൗഡേലിന്റെ വീടിനും പ്രക്ഷോഭകർ അതിക്രമം നടത്തി.
പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുണ്ടായ സംഘർഷത്തിൽ 19 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ ആവശ്യത്തിന് ആംബുലൻസുകളോ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധിയും രൂക്ഷമാണ്.
നേപ്പാൾ സർക്കാർ കഴിഞ്ഞ ഓഗസ്റ്റ് 28-ന് സോഷ്യൽ മീഡിയ കമ്പനികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഏഴ് ദിവസത്തെ അന്തിമാവധി നൽകിയിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ്, യൂട്യൂബ്, എക്സ് (മുൻ ട്വിറ്റർ), സ്നാപ്ചാറ്റ് തുടങ്ങിയ 26 പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് സെപ്തംബർ 4 മുതൽ നിരോധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു. നികുതി വരുമാനം ഉറപ്പാക്കാനും, രാജ്യത്ത് ഓഫീസുകൾ തുറക്കാനും, ഉള്ളടക്ക നിയന്ത്രണത്തിനുമാണ് നിരോധനം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇത് അഴിമതി മറച്ചുവെക്കാനുള്ള ശ്രമമായാണ് കാണുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കാഠ്മണ്ഡുവിന് പുറമെ പൊഖാറ, ബുട്ട്വാൾ, ചിത്വാൻ, ഝാപ, ഡമക് തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
നേപ്പാളിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും, നിലവിൽ അവിടെയുള്ളവർ സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും നിർദേശിച്ചു. ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്‌ലൈൻ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്:
+977 – 980 860 2881
+977 – 981 032 6134 (വാട്സ്ആപ്പ് കോൾ സൗകര്യത്തോടെ)
കാഠ്മണ്ഡു വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ ലക്നൗവിലേക്ക് വഴിതിരിച്ചുവിട്ടു.