ചെന്നൈ: ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻഘഢിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആർഎസ്എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂര്‍ത്തി.
ധൻഘഢിനെതിരെ കേന്ദ്രസർക്കാർ ഇംപീച്ച്മെന്റിന് ഒരുങ്ങിയിരുന്നു. ഇതോടെയാണ് രാജിവെച്ചതെന്നാണ് എസ് ഗുരുമൂർത്തിയുടെ വെളിപ്പെടുത്തല്‍. അദ്ദേഹം സർക്കാരിന് ഹിതകരമല്ലാത്ത രീതിയിൽ പ്രവർത്തിച്ചുവെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഗുരുമൂർത്തി പറയുന്നുണ്ട്. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തൽ.
ഇതാദ്യമായാണ് ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നും ധൻഘഢിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം വരുന്നത്. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പാര്‍ലമെന്റിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഢിന്റെ രാജി പ്രഖ്യാപനം. ജൂലൈ 21 തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു രാത്രി സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിത രാജി, അഭ്യൂഹങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു.
ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുപിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസർക്കാരുമായുള്ള ഭിന്നതയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതേസമയം രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെയാണ് താൻ പദവി ഒഴിയുന്നതെന്നും പാർലമെന്റിലെ അംഗങ്ങളോട് തന്റെ സ്നേഹം അറിയിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.