കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടു പോയ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി ഇളക്കിയെന്നാണ് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
താന്ത്രിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപാളി ഇളക്കിയത് എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ശബരിമല ശ്രീകോവിലിനു മുന്നില്‍ ഇരുവശത്തും ഉള്ള ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെ, ഇതു നിര്‍മിച്ചു സമര്‍പ്പിച്ച ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്.
തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍, ദേവസ്വം സ്മിത്ത്, വിജിലന്‍സ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, ദേവസ്വം വിജിലന്‍സിലെ രണ്ടു പൊലീസുകാര്‍, രണ്ടു ദേവസ്വം ഗാര്‍ഡ്, ഈ പാളികള്‍ വഴിപാടായി സമര്‍പ്പിച്ച സ്പോണ്‍സറുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്നു സുരക്ഷിതമായാണു കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.