മദ്യപിച്ച് ലക്കുകെട്ട് യൂണിഫോമില്ലാതെ വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുടുങ്ങി. വാഴക്കാല തോപ്പില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സ്വന്തം കാറിലായിരുന്നു കാക്കനാട് ആര്‍ടി ഓഫിസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ്.ബിനുവിന്‍റെ 'മിന്നല്‍ പരിശോധന'. വഴിയരികില്‍ സ്വന്തം വാഹനത്തില്‍ മല്‍സ്യം വിറ്റുകൊണ്ടിരുന്ന സ്ത്രീയുടെ സമീപത്തെത്തി താന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണെന്ന് പരിചയപ്പെടുത്തി. പിന്നാലെ3000 രൂപ ആവശ്യപ്പെട്ടു. അനധികൃതമായി വാഹനത്തില്‍ കച്ചവടം നടത്തിയതിന്‍റെ പിഴയാണിതെന്നായിരുന്നു വാദം.
യുവതി പിഴയടയ്ക്കണമെന്ന് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധം പിടിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. ഉദ്യോഗസ്ഥന്‍റെ സംസാരത്തിലും മട്ടിലും ഭാവത്തിലും പന്തികേടും മദ്യത്തിന്‍റെ രൂക്ഷഗന്ധവുമായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തൃക്കാക്കര പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. എസ്ഐ ബ്രെത്തലൈസറിലൂടെ ഊതാന്‍ ആവശ്യപ്പെട്ടു. ഊതിയതും ബീപ് ശബ്ദം. മദ്യപിച്ചെന്ന് തെളിഞ്ഞതോടെ ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി.
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് റജിസ്റ്റര്‍ ചെയ്തു. ഡിപാര്‍ട്മെന്‍റ് അറിയാതെയുള്ള വാഹനപരിശോധനയില്‍ ഉദ്യോഗസ്ഥന് പണി കിട്ടിയേക്കാമെന്നാണ് പൊലീസ് പറയുന്നത്. പണം സര്‍ക്കാര്‍ ഖജനാവിലേക്ക് അല്ലാതെ സ്വന്തം കീശയിലേക്ക് വകമാറ്റാനാണ് വാഹനപരിശോധന നടത്തിയതെന്നതിനാല്‍ തന്നെ വകുപ്പുതല നടപടി വഴിയേ വരുമെന്നും സൂചനയുണ്ട്.