കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. പടുവിലായി സ്വദേശി അനീഷ് പി, ഉരുവച്ചാൽ സ്വദേശി രഹീൽ പി എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അനുമാലിക്കിന്റെ വ്യാപാരപങ്കാളികളാണ് ഇരുവരും. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെ സ്ഫോടനം നടന്നത്. സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് അനു മാലിക്കിനെ പിടികൂടിയത്.
സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതി കൂടിയാണ് അനൂപ് മാലിക്. സ്ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നിരുന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം