കോഴിക്കോട്∙ തൊണ്ടയാട് – മലാപ്പറമ്പ് ദേശീയപാതയിലെ പനാത്തുതാഴം ദേശീയപാത ജംക്‌ഷൻ പൂർണമായി അടയ്ക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. കഴിഞ്ഞ ദിവസം രാത്രി എൻഎച്ച്ഐ നേതൃത്വത്തിൽ ഡിവൈഡർ അടയ്ക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇതോടെ എൻഎച്ച്ഐ അധികൃതർ താൽക്കാലികമായി പ്രവൃത്തി നിർത്തി വച്ചു. ദേശീയപാത അടയ്ക്കുന്നതോടെ ഹരിതനഗർ, നേതാജി ജംക്‌ഷന്റെ പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിൽനിന്നു ചേവരമ്പലം ഭാഗത്തേക്ക് യാത്ര ചെയ്യണമെങ്കിൽ 3 കിലോ മീറ്റർ ചുറ്റണം.
നിലവിൽ ഗാന്ധിറോഡ് മുതൽ അശോകപുരം, സരോവരം, കോട്ടൂളി സെൻട്രൽ, പനാത്തുതാഴം, ചേവരമ്പലം വഴി വയനാട് റോഡിനെ ബന്ധിപ്പിക്കുന്ന 15 മീറ്റർ റോഡ് ഉണ്ട്. ഈ റോഡ് പനാത്തുതാഴം ദേശീയപാത ജംക്‌ഷൻ വഴിയാണ് ചേവരമ്പലം ഭാഗത്തേക്ക് പോകുന്നത്. എന്നാൽ ദേശീയപാത അടയ്ക്കുന്നതോടെ മലാപ്പറമ്പ് വഴി മാത്രമേ ചേവരമ്പലത്തേക്ക് പോകാൻ കഴിയൂ. പനാത്തുതാഴം ജംക്‌ഷനിൽ പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ മേൽപാലമോ എൻഎച്ച്എഐയുടെ നേതൃത്വത്തിൽ ഫുട്ട് ഓവർ ബ്രിജോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാതയിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ കുടിൽതോട്, പനാത്തുതാഴം എന്നിവ ഒഴികെ ഡിവൈഡറുകൾ പൂർണമായും അടച്ചു. കുടിൽതോട് ഡിവൈഡറിനിടയിലൂടെ വാഹനം പ്രവേശിക്കുന്നത് സ്ഥിരം അപകടം ഉണ്ടായ സാഹചര്യത്തിൽ കുടിൽതോട് ജംക്‌ഷൻ കഴിഞ്ഞ ദിവസം അടച്ചു. ഈ ഭാഗത്ത് ബസ് ഉൾപ്പെടെ ദേശീയപാതയിൽ നിർത്തുന്നത് അപകടം വർധിപ്പിക്കുന്നുണ്ട്. ഇന്ന് ട്രാഫിക് പൊലീസ് ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും. അടുത്ത ആഴ്ച പനാത്തുതാഴം ഭാഗം അടയ്ക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.
കുടിൽതോട് മുതൽ പനാത്തുതാഴം ജംക്‌ഷൻ വരെ സർവീസ് റോഡിൽ തോടിനോടു ചേർന്ന ഭാഗം അപകട സാധ്യത ഉണ്ടെന്ന പരാതിയിൽ എൻഎച്ച്എഐ സർവീസ് റോഡിൽ ഇരുമ്പ് കൈവരി സ്ഥാപിച്ചു തുടങ്ങി. ദേശീയപാത ഡിസംബറിൽ പൂർത്തിയാകുന്നതോടെ എൻട്രി – എക്സിറ്റ് വഴി മാത്രമേ ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകൂ. ഓരോ പ്രവേശന ഭാഗത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. നിയമം തെറ്റിച്ചു ദേശീയപാതയിൽ കയറുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകും.