കോഴിക്കോട്∙ പുതിയറ ട്രാഫിക് ജംക്‌ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദിച്ച കേസിൽ യുവാവിന് 3 വർഷം തടവുശിക്ഷയും 10,000 രൂപ പിഴയും. തിരുവണ്ണൂർ ചന്ദനശേരി പാലാട്ട് അശ്വിനെ (24) ആണ് കോഴിക്കോട് മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 2 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2021 നവംബർ 14 ന് രാത്രി 7.30ന് ആണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ്ബാബുവിനെ അശ്വിൻ മർദിച്ചത്. പൊലീസുകാരനെ മർദിക്കുന്നതു കണ്ട നാട്ടുകാർ അശ്വിനെ തടഞ്ഞുവച്ച് കസബ പൊലീസിനെ ഏൽപിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ്കുമാർ ഹാജരായി.