പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്തെ ചെക്ക്‌പോസ്റ്റ് കെട്ടിടത്തിന് വാടക നൽകുന്നില്ലെന്ന വാർത്തയിൽ ഗതാഗത കമ്മീഷണറുടെ ഇടപെടൽ. വിഷയം അടിയന്തരമായി അന്വേഷിക്കുമെന്ന് ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു. ഒൻപത് വർഷമായി കെട്ടിടത്തിന് വാടക നൽകുന്നില്ലെന്ന വാർത്ത പുറത്തുവന്നിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഒൻപത് വർഷമായി വാടക നൽകുന്നില്ലെന്നായിരുന്നു പരാതി. കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥർ അത് അംഗീകരിക്കുന്നില്ലെന്നും കെട്ടിട ഉടമ പറയുന്നു. സ്വന്തം കെട്ടിടം പൊളിച്ചുപണിയാൻ പോലും കഴിയാതെ പ്രതിസന്ധിയിലാണ് കെട്ടിട ഉടമ.
2004 മുതലാണ് ഈ ചെറിയ കെട്ടിടത്തിൽ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവർത്തിച്ച് വരുന്നത്. പല സ്ഥലത്തും ഒരോ വർഷവും വാടക കൂട്ടും. 2004 ലെ വാടകയിൽ ഇതുവരെ ഒരുമാറ്റവും വരുത്തിയിട്ടില്ല. 2016 മുതൽ മോട്ടോർ വാഹന വകുപ്പ് വാടക നൽകുന്നില്ല. 9 വർഷമായി വാടക നൽകാതെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിഞ്ഞ് തന്നാൽ പുതുക്കി പണിത് മറ്റ് ആർക്കെങ്കിലും വാടകക്ക് നൽകാം. കെട്ടിടം ഒഴിഞ്ഞു കൊടുക്കാനും ഉദ്യോഗസ്ഥർ തയ്യാറല്ല.
പഴയ വീടാണ് ചെക്ക് പോസ്റ്റായി പ്രവർത്തിക്കുന്നത്. നേരത്തെ വീടിന് ചെറിയ പണമാണ് നികുതിയായി നൽകിയിരുന്നത്. ആർടിഒ ചെക്ക് പോസ്റ്റിന് വാടകക്ക് നൽകിയതിനാൽ കെട്ടിട നികുതിയായും കൂടുതൽ പണം ഉടമയടക്കണം എന്നതാണ് സ്ഥിതി.