കോഴിക്കോട്: മൂന്നാം ക്ലാസുകാരനായ അഹാൻ അനൂപിന്‍റെ മലയാളം പരീക്ഷയുടെ ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. നാരങ്ങയും സ്പൂണും എന്ന കളിയുടെ നിയമാവലിയെഴുതാനുള്ള ചോദ്യത്തിന് അഹാന്‍ എഴുതിയ ഉത്തരമാണ് ആ ചര്‍ച്ചകള്‍ക്ക് ആധാരം. "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നാണ് അഹാന്‍ നിയമാവലിയില്‍ ഒന്നായി എഴുതിയത്. കളിയിലെ നിയമാവലിയാണെങ്കിലും ഈ മൂന്നാംക്ലാസുകാരന്‍ പങ്കുവെച്ചത് ഏവരുടെയും ചിന്തിപ്പിക്കുന്ന ഒന്ന് കൂടിയായിരുന്നു.
ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ മത്സരത്തിന്റെ നിയമാവലി ഉദാഹരണമായി നൽകിക്കൊണ്ടായിരുന്നു കുട്ടികൾക്കിഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനായി ചോദിച്ചത്. അഹാൻ 'സ്പൂണും നാരങ്ങയും' എന്ന കളിയുടെ നിയമാവലിയാണ് പങ്കുവെച്ചത്.
ഒരു സമയം അഞ്ച് പേർക്ക് മത്സരിക്കാം
എല്ലാവരും വായിൽ സ്പൂൺ വെക്കുക.നാരങ്ങ സ്പൂണിൻ മേൽ വെക്കണം
അടയാളപ്പെടുത്തിയിരിക്കുന്ന വരിയിൽ നിന്നാണ് കളിക്കേണ്ടത്
നിലത്തുവീണാൽ പിന്നെയും എടുത്തുവെച്ചു വേണം നടക്കേണ്ടത്
വരി തെറ്റിയാൽ കളിയിൽ നിന്ന് പുറത്താകും
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..
എന്നായാരുന്നു തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിലെ വിദ്യാര്‍ഥിയായ അഹാനെഴുതിയ ഉത്തരം.അഹാന്‍റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'കളിയാക്കിയാൽ മറ്റുള്ളവർക്ക് വേദനിക്കും എന്ന തിരിച്ചറിവ് അവനുണ്ട് എന്നുള്ളതാണ് എന്റെ സന്തോഷം...' എന്ന അടിക്കുറിപ്പോടെയാണ് മകന്‍റെ ഉത്തരക്കടലാസ് അമ്മ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേര്‍ ഈ ഉത്തരക്കടലാസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഏറ്റവും ഒടുവിലായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഈ ഉത്തരക്കടലാസ് പങ്കുവെച്ചു.
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..അഹാൻ അനൂപ്,തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..
എന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.