തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ കൈയാമം വെച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു.
'കെഎസ്‌യു നേതാക്കളെ കൈയാമംവെച്ച് തലയിൽ കറുത്ത തുണിയിട്ടാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. അവര് തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? കേരളത്തിലെ പോലീസ് എവിടേക്കാണ് പോകുന്നത്. രാജാവിനേക്കാൾവലിയ രാജഭക്തി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരാണ്. അവർക്ക് പാർട്ടി സംരക്ഷണം കൊടുക്കുന്നതുകൊണ്ടാണ്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് കെഎസ്‌യുക്കാരെ, കള്ളക്കേസിൽ കുടുക്കി തീവ്രവാദികളേയും കൊടും ക്രിമിനലുകളേയും പോലെ കൊണ്ടുവന്നത്. എന്തു നീതിയാണ് കേരളത്തിൽ നടപ്പിലാകുന്നത്?
രാജാവിനേക്കാൾ രാജഭക്തികാണിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയിൽ നുള്ളിക്കോ, പണ്ടൊക്കെ ഞങ്ങൾ പൊറുക്കുകയായിരുന്നു. ഇനി എല്ലാം ഓർത്തുവെക്കും. വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ല. അത്രമാസം തോന്നിവാസവും അസംബന്ധവുമാണ് ഇവർ കാണിക്കുന്നത്. വിദ്യാർഥിനേതാക്കന്മാരെ തലയിൽ തുണിയിട്ട് തീവ്രവാദികളെ പോലെ കൊണ്ടുവരുന്ന കാടത്തം എവിടെയാണുള്ളത്. എവിടെയാണ് മുഖ്യമന്ത്രി? എത്ര സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നു. ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തലപൂഴ്ത്തി നിൽക്കുന്നു. ഒരു ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനം. സംസാരിക്കാൻ ഭയമാണ്. നിങ്ങളുടെ വകുപ്പിലാണ് മുഖ്യമന്ത്രി ഈ തോന്ന്യാസം മുഴുവൻ നടക്കുന്നത്. കേട്ടുകേൾവിയില്ലാത്ത വൃത്തികേടുകൾ കേരളത്തിൽ പോലീസിന്റെ പേരിൽ അരാജകത്വവും അധിക്രമവും നടക്കുന്നത്. കേരളത്തിലെ പോലീസിനെ തീവ്രവാദികളെ പോലെയാക്കി മാറ്റി. പാർട്ടിക്കാരുടെ തോന്നിവാസത്തിന് കൂട്ടുനിൽക്കാൻ കേരളാ പോലീസിനെ തകർത്ത് തരിപ്പണമാക്കി. ഇതിന് നിങ്ങളെക്കൊണ്ട് നിങ്ങളെ ഉത്തരം പറയിപ്പിക്കും, വി.ഡി. സതീശൻ പറഞ്ഞു.
എസ്ഐആറിനെ അതിശക്തമായി എതിർക്കും. നീതിപൂർവ്വമായ, സത്യസന്ധമായ തിരഞ്ഞെടുപ്പിന് എതിരായിട്ടുള്ള ബിജെപിയുടെ തന്ത്രമാണ്. എന്തിനാണ് വോട്ടർപട്ടിക 2002-ലേക്ക് പോകുന്നത്. 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടി വരും. എത്ര ശ്രമകരമായ കാര്യമാണ്. എത്ര അർഹതയുള്ളവർക്ക് വോട്ട് ചെയ്യാൻ പറ്റാതെ പോകും. യഥാർത്ഥത്തിൽ, വോട്ടർപട്ടികയിൽ കഴിഞ്ഞ 23 വർഷമായി വോട്ട് ചെയ്യുന്ന ആളുകൾക്ക് ഒരു സുപ്രഭാതത്തിൽ വോട്ടർപട്ടികയിൽ പേരില്ലാതെയാകുന്ന മായാജാലമാണ് എസ്ഐആർ എന്നത്. അതിനെ ഞങ്ങൾ ശക്തിയായി എതിർക്കും. ബിഹാറിൽ എന്നത് പോലെ കേരളത്തിലും പ്രതിഷേധം സംഘടിപ്പിക്കും, വിഡി സതീശൻ പറഞ്ഞു.