പാലക്കാട് അലനെല്ലൂർ സ്കൂൾപടിയിൽ നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു . ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന. അപകടത്തിൽ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.
സലീനയും മകനും ബന്ധുവീട്ടിൽ പോയി തിരിച്ച് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. തുടർന്ന് ബൈക്കിൻറെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തിൽ സലീനയ്ക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസമായി ഇവർ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എഴ് മണിക്കാണ് മരണം സംഭവിച്ചത്. വലിയരീതിയിൽ തെരുവുനായ ശല്യം അനുഭവിക്കുന്ന ഒരു പ്രദേശമാണിതെന്നാണ് വിവരം. മുൻപും പരാതികൾ ഉയർന്നിരുന്നു. വ്യാപാരി വ്യവസായികളും പ്രദേശവാസികളുമുൾപ്പെടെയാണ് പരാതി നൽകിയിരുന്നത്. എന്നാൽ വേണ്ട നടപടി ഉണ്ടായില്ല എന്നാണ് മനസിലാകുന്നത്.