വടകര: മദ്യലഹരിയിൽ വാഹനമോടിച്ച സ്കൂൾ ബസ് ഡ്രൈവർ പോലീസ് പിടിയിൽ. നാദാപുരം കക്കട്ടിൽ സ്വദേശി ചീക്കോന്ന് മൊയിലോത്ത് സവനീഷ് എം (42) ആണ് വടകര പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ വടകര-വില്യാപ്പള്ളി റോഡിൽ പുത്തൂരിൽ വച്ചാണ് KL18 J 8285 നമ്പർ വാഹനവുമായി ഇയാൾ പിടിയിലായത്.
വടകര റാണി പബ്ലിക് സ്കൂളിന്റെ വാഹനമാണിത്. ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം എസ്ഐ മനോജ് കുമാർ, സിപിഒ ജയ്ദീപ്, ഡ്രൈവർ സജീഷ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ആർടിഒക്ക് ശുപാർശ നൽകുമെന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു. ആൽക്കോ മീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്.