നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യ ദിനം മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. സർക്കാരിൻറെ വികസന നേട്ടങ്ങൾ സഭയിൽ ഭരണപക്ഷം ഉയർത്തിക്കാട്ടും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. ആദ്യദിനം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി പിരിയും. തുടർന്നുള്ള ദിവസങ്ങളിൽ സമകാലീന രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം സഭയിൽ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരായ ആയുധമാക്കും. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിയമസഭയിൽ എത്തുമോ എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻററി പാർട്ടിയിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷനേതാവ് സ്പീക്കറെ അറിയിച്ചിരുന്നു. തുടർന്ന് സഭയിലെ രാഹുലിന്റെ ഇരിപ്പിടം കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നും മാറ്റി പ്രത്യേക ബ്ലോക്ക് ആക്കിയിട്ടുണ്ട്.
രാഹുൽ വിഷയം ഭരണപക്ഷം ഉപയോഗിക്കുമ്പോൾ പൊലീസ് മർദ്ദന വിഷയത്തിലും സഭ പ്രക്ഷുബ്ധം ആക്കാൻ ആണ് പ്രതിപക്ഷത്തിന്റെ ആലോചന. ഇതിൽ വസ്തുതകൾ നിരത്തി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ഒപ്പം സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങളായ വിഴിഞ്ഞം, മുട്ടത്തറ ഫ്ലാറ്റ്, വയനാട് പുനരധിവാസം, അർബൻ കോൺക്ലേവ് ഉൾപ്പെടെയുള്ളവ സഭയിൽ ഭരണപക്ഷം ഉയർത്തും. 12 ദിവസത്തേക്ക് ചേരുന്ന സഭാ സമ്മേളനത്തിൽ സുപ്രധാന ബില്ലുകളും പരിഗണനയ്ക്ക് വരുന്നുണ്ട്. ബില്ലുകളുടെ അന്തിമ പട്ടിക ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനിക്കും. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനായി കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുന്ന ബില്ല് ഈ സമ്മേളന കാലയളവിൽ തന്നെ അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കും. പ്രതിപക്ഷ നിലപാട് തന്നെയായിരിക്കും സഭയിൽ ശ്രദ്ധേയമാകുക.