തിരുവനന്തപുരം: മുൻ വർഷങ്ങളേക്കാൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രോഗികളുടെ എണ്ണം കൂടുതലായിട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. എല്ലാവിധ ചികിത്സ സംവിധാനങ്ങളും ഒരുക്കിക്കൊണ്ടാണ് രോഗികളെ പരിചരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഒമ്പത് മാസങ്ങൾക്കിടെ 66 ആളുകൾക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതിൽ 17 പേര് മരണപ്പെടുകയും ചെയ്തു.
ഈ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരാൾ കേരളത്തിൽ നിന്നും മാത്രമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധമായ ചികിത്സയിലൂടെ 17 കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആരോഗ്യവകുപ്പിന് സാധിച്ചു. ഈമാസം ഇതുവരെ 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇതിൽ ഏഴു പേർ മരണപ്പെടുകയും ചെയ്തു. എന്നാൽ രോഗം മറികടക്കുന്നതിനുവേണ്ടി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കിണറുകൾ അടക്കം വൃത്തിയാക്കുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങിയിട്ടുണ്ട്.