മലപ്പുറം: 2026ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി തീർഥാടകരുടെ വിമാനസേവനത്തിന് ടെൻഡറുകൾ ക്ഷണിച്ചു.
തീർഥാടകരെ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനുമായി വിമാന ചാർട്ടർസേവനങ്ങൾക്ക് ന്യൂനപക്ഷകാര്യ മന്ത്രാലയം, ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡർ നടപടി ക്രമങ്ങളുടെ ഭാഗമായി പുറത്തുവിട്ട റിപ്പോർട്ടിൽ ഇത്തവണ ഇന്ത്യയിലെ 18 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് പുറപ്പെടൽ കേന്ദ്രങ്ങൾ ഉള്ളത്. ഇവയിലൂടെ 1,22,518 തീർത്ഥാടകർക്കാണ് ഇതുവരെ യാത്രക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ഇതുവരെ പുറത്തുവിട്ട കണക്കുകൾ പ്രകാരംകേരളത്തിൽ നിന്നും കരിപ്പൂർ, കൊച്ചി, കണ്ണൂർ പുറപ്പെടൽകേന്ദ്രങ്ങളിൽ നിന്നായി 13155 തീർത്ഥാടകരാണ് യാത്ര ചെയ്യുക.
മുൻ വർഷങ്ങളെപോലെ തന്നെ ഇത്തവണയും ഹജ്ജ് യാത്രയ്ക്ക് ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര തിരിക്കുന്നത് മുംബൈയിൽ നിന്നാണ്. ഏകദേശം 2,6366 തീർഥാടകർ യാത്ര ചെയ്യും. രണ്ടാമത് കൂടുതൽ യാത്രക്കാരുള്ള ഡൽഹിയിൽ നിന്ന് 22,580പേർ യാത്ര ചെയ്യും. ഹജ്ജ് വിമാന സർവീസുകൾ രണ്ട് ഘട്ടങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
ലാപ് ഒന്നിൽ മദീനയിലേക്ക് നേരിട്ടുള്ള സർവീസുകളും ലാപ് രണ്ടിൽ ജിദ്ദയിലേക്കുള്ള സർവീസുകളുമാണ്. കേരളത്തിലെ പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചിയിൽ 7936 തീർഥാടകരും കണ്ണൂരിൽ 4,299 തീർഥാടകരും കരിപ്പൂരിൽ 920 തീർത്ഥാടകരുമാണ് യാത്ര ചെയ്യുക. മുൻ വർഷങ്ങളിൽ കരിപ്പൂരിൽ മാത്രം പതിനായിരത്തിലധികം യാത്രക്കാർ ഉണ്ടായിരുന്നു.
ടിക്കറ്റ് നിരക്കിലെ വലിയ അന്തരം കരിപ്പൂർ പുറപ്പെടൽകേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ നിന്നും തീർത്ഥാടകരെ മാറ്റിനിറുത്തുകയാണ്. കരിപ്പൂരിന് പുറമേ വിജയവാഡ 388, ഇൻഡോർ 346, ഗയാ 146 വിമാനത്താവളങ്ങളിൽ നിന്നാണ് കുറവ് യാത്രക്കാരുള്ളത്. ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളായ ബെംഗളൂരുവിൽ നിന്ന് 10,281 പേരും കൊൽക്കത്തയിൽ നിന്നും 8292പേരും ഹൈദരാബാദിൽ നിന്നും 9409പേരും യാത്ര പുറപ്പെടും.