തിരുവനന്തപുരം: വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പുനടത്തുന്ന രീതി വ്യാപിക്കുന്നുവെന്നും ശ്രദ്ധിക്കണമെന്നും സൈബർ പൊലീസിന്റെ മുന്നറിയിപ്പ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ എന്നിവ നടക്കുന്നതായും മുന്നറിയിപ്പുണ്ട്.
തട്ടിപ്പുകാർ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുത്തശേഷം ആപ്ലിക്കേഷൻ ഇൻസ്റ്റലേഷൻ ഫയലുകൾ സന്ദേശങ്ങളായി അയച്ച് ഒടിപി കൈക്കലാക്കുന്നു. തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്‌ടോപ്പിലോ ലോഗിൻ ചെയ്യുകയാണ്. അക്കൗണ്ട് ഉടമ വാട്‌സാപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽ ഒടിപി നൽകാൻ കഴിയാതെ വാട്‌സാപ്പ് പ്രവർത്തനരഹിതമാകുന്നു. ഈ സമയം ഹാക്കർമാർ ഉടമയുടെ പേരിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജസന്ദേശങ്ങൾ അയക്കുകയും അപകടകരമായ ഇൻസ്റ്റലേഷൻ ലിങ്കുകൾ പ്രചരിപ്പിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നു.
ഇത്തരം തട്ടിപ്പിനെ പ്രതിരോധിക്കാൻ വാട്‌സാപ്പിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ സജ്ജമാക്കാൻ പൊലീസ് ആവശ്യപ്പെടുന്നു. ഫോണിൽ വരുന്ന ഒടിപികൾ പങ്കുവെക്കാതിരിക്കുക, അജ്ഞാതമായ ലിങ്കുകളിലോ ഇൻസ്റ്റലേഷൻ ഫയലുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക. തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണം. ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടുകയോ, ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കുകയോ HTTPS://CYBERCRIME.GOV.IN വഴി പരാതികൾ രജിസ്റ്റർ ചെയ്യുകയോ ചെയ്യാമെന്നും സൈബർ പോലീസ് അറിയിച്ചു.