കോഴിക്കോട് : കല്ലായി റെയിൽവേ സ്റ്റേഷനടുത്തുവെച്ച് യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച മുഖദാർ സ്വദേശി അരക്കൽതൊടി വാഹിബ മൻസിലിൽ റഫ്നാസ്(32), കല്ലായി പുളിക്കൽതൊടി സ്വദേശി അർഷാദ് മൻസിൽ അക്ബർ അലി(29) എന്നിവരെ പന്നിയങ്കര പോലീസ് പിടികൂടി.
11-ന് രാവിലെ മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി കല്ലായി റെയിൽവേ പാലത്തിന് സമീപം മീൻപിടിക്കുന്ന സമയം ഇയാളുടെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന 700 രൂപ അടങ്ങുന്ന പഴ്‌സ് മോഷണംപോകുകയായിരുന്നു. ഇത് എടുത്തുകൊണ്ടുപോയെന്ന് സംശയിക്കുന്ന പ്രതിയെ വൈകുന്നേരം കല്ലായി റെയിൽവേ സ്റ്റേഷനടുത്തുള്ള പറമ്പിൽവെച്ച് കണ്ടപ്പോൾ പഴ്‌സ് തിരികെച്ചോദിച്ചതിലുള്ള വിരോധത്താൽ അവിടെ കൂടിയിരുന്ന നാലുപേരും ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പന്നിയങ്കര ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.