.ബാലുശ്ശേരി: കിനാലൂരില്‍ രക്തം പുരണ്ട അടി വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ കണ്ടെത്തിയത്. രക്തം പുരണ്ട നിലയില്‍ സ്ത്രീയുടെ അടിവസ്ത്രങ്ങളും ഒരും ജോഡി ഷൂവും ഇയാളുടെ കൈവശമുണ്ടായിരുന്നു.
തലയ്ക്ക് പരിക്കേറ്റ് മുറിവിൽ നിന്നും രക്തമൊലിക്കുന്ന നിലയിലായിരുന്നു ഇയാൾ. കിനാലൂര്‍ ചെരുപ്പ് കമ്പനിയിലെ ജോലിക്കാരനാണ് ഇയാളെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ പോലീസ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. നിലവിൽ പ്രദേശത്ത് ആരെങ്കിലും കൊല്ലപ്പെട്ടതായോ കാണാതായതായോ ആർക്കെങ്കിലും പരിക്കേറ്റതായോ ഉള്ള വിവരമില്ല. ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ കൃത്യമായ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല. തലയ്ക്ക് ആഴമുള്ള പരിക്കേറ്റിട്ടുണ്ട്. ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.