കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുസ്‌ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ.മുനീറിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.
കഴിഞ്ഞദിവസം നടത്തിയ എംആർഐ പരിശോധനയിൽ തലച്ചോറിന് പരിക്കുകളില്ലെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, ഡോക്ടർമാരുടെ ലളിതമായ നിർദേശങ്ങൾക്ക് അദ്ദേഹം പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൽ അറിയിച്ചു. നിലവിൽ വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.
ദിവസങ്ങൾക്ക് മുമ്പ് കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.
കുടലിലെ അണുബാധയും ശരീരത്തിലെ പൊട്ടാസ്യം അളവ് കുറയുകയും ചെയ്തതിനാൽ വ്യാഴാഴ്ച്‌ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡോ. മുനീറിന് ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതാണ് സ്ഥിതി വഷളാക്കിയത്. ബുധനാഴ്‌ച വൈകിട്ട് കൊടുവള്ളി മണ്ഡലത്തിലെ 'ഗ്രാമയാത്ര' പരിപാടിയുടെ സമാപനച്ചടങ്ങിന് ശേഷം രാത്രിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയാണ് ഉണ്ടായത്. സ്പീക്കർ എ.എൻ ഷംസീർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എംഎൽഎമാർ തുടങ്ങിയ നിരവധി പേർ ആശുപത്രിയിൽ എത്തി വിവരങ്ങൾ ആരായുന്നുണ്ട്. സന്ദർശനത്തിന് ഡോക്ടർമാരുടെ വിലക്ക് നിലവിലുണ്ട്.