മലപ്പുറം: ആമയൂരിൽ ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം. ആമയൂര്‍ പുളിങ്ങോട്ടുപുറത്ത് കരിങ്കല്‍ ക്വാറിയിലായിരുന്നു സംഭവം. തോട്ടുമുക്കം കുനുമ്മൽതൊടി വീട്ടിൽ അബ്‌ദുൽ സലീമിന്റെ മകൻ റാഷിദ് (27) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഷിദിനെ അരീക്കോട് മദർ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടിപ്പറിലെത്തിച്ച പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. നിയന്ത്രണം വിട്ട ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലോറി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. ലോറി മറിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഇതിനിടയില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയെങ്കിലും ലോറിക്കകത്ത് യുവാവ് ഉണ്ടായിരുന്നില്ല.
തുടർന്ന്, ഡ്രൈവറിനായുള്ള തിരച്ചിൽ പോലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ സംയുക്തമായി ആരംഭിച്ചു.
തിരച്ചിലിനൊടുവിൽ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ റാഷിദിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. 15 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ നിന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് ടിപ്പര്‍ ലോറി കരകയറ്റിയത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം തോട്ടുമുക്കം ജുമാമസ്ജിദില്‍ ഖബറടക്കി.