കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിൽ മലപ്പുറം കിഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധീഖ് ആണ് അറസ്റ്റിലായത്. മുക്കം പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്ന പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അക്രമം നടത്തുകയും ചെയ്തു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
കരിങ്കല്ലുമായാണ് പ്രതി സ്റ്റേഷൻ വളപ്പിലെത്തിയത്. പിന്നാലെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും, സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ ചില്ല് കയ്യിൽ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് അടിച്ച് പൊളിക്കുകയും ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.