തിരുവനന്തപുരം: ജില്ലാ ജയിലിൽറിമാൻഡ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. പരുക്കേറ്റ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ ബിജു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സഹപ്രവർത്തകയെ ഉപദ്രവിച്ച കേസിൽ കഴിഞ്ഞ 12നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായ ബിജുവിനെ പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത്. മാനസിക പ്രശ്‌നങ്ങളുള്ളതിനാൽ തുടർ ചികിത്സ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, 13ന് ജില്ലാ ജയിലിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിൽ അധികൃതർ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ ആന്തരാവയവങ്ങൾക്ക് മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബിജുവിന്റെ ജീവൻ നിലനിർത്തുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, ബിജുവിനെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതി ജയിൽ അധികൃതർ തള്ളി. സി.സി ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും മർദനത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിൽ മർദനത്തിൻ്റെ പാടുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിജുവിനെ മർദിച്ചിട്ടില്ലെന്നും, ആശുപത്രിയിൽ എത്തിച്ച് സ്‌കാനിങ് നടത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയതെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. ജയിൽ ഡി.ജി.പിക്ക് കൈമാറാൻ ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി തയാറാക്കിയ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരേ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. രക്തസമ്മർദം കൂടിയതാകാം രക്തസ്രാവത്തിന് കാരണമെന്നാണ് സ്പെഷൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.