ലഖ്‌നൗ: നബിദിനത്തോടനുബന്ധിച്ച് 'ഐ ലവ് മുഹമ്മദ്' (ഞാൻ പ്രവാചകൻ മുഹമ്മദ് നബിയെ ഇഷ്ടപ്പെടുന്നു) എന്ന് എഴുതിയ ബോർഡും ഘടനയും സ്ഥാപിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ നിരവധി മുസ്ലിം യുവാക്കൾക്കെതിരേ കേസ്. പ്രവാചകൻ ജനിച്ച മാസമായ റബീഉൽ അവ്വലിനോടനുബന്ധിച്ച് റാവത്ത്പൂരിലെ സയ്യിദ് നഗറിൽ ആണ് ഐ ലവ് മുഹമ്മദ് എന്ന ബോർഡും ഒപ്പം ഘടനയും പ്രദേശത്തെ വിശ്വാസികൾ സ്ഥാപിച്ചത്. ഇതേതുടർന്ന് തീവ്രഹിന്ദുത്വ വാദികൾ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
ബോർഡ് വച്ച റോഡ് രാമനവമി യാത്ര കടന്നുപോകുന്ന വഴിയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനാ പ്രവർത്തകനും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയുമായ മോഹിത് ബാജ്‌പേയി എന്നയാൾ നൽകിയ പരാതിയിൽ കണ്ടാലറിയുന്ന 15 പേർക്കെതിരേയും പത്തിലധികം അജ്ഞാതർക്കുമെതിരേ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
യു.പി പൊലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. നിരവധി പേരാണ് 'ഐ ലവ് മുഹമ്മദ്' എന്ന ബോർഡുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. യു.പി പൊലിസ് നടപടിയെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി അപലപിച്ചു.