കോഴിക്കോട്: മരിച്ചവർക്കും മനുഷ്യാവകാശമുണ്ട്. മൃതദേഹങ്ങൾ ആദരവും മാന്യമായ സംസ്കാരവും അർഹിക്കുന്നു. പക്ഷേ, കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടപടിക്രമങ്ങളിൽ കുരുങ്ങി സംസ്കാരം കാത്തുകിടക്കുന്നത് 16 അനാഥ മൃതദേഹങ്ങളാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് ഇത്രയധികം മൃതദേഹങ്ങൾ എത്തിയത്. കോഴിക്കോട് ജില്ലയിലെ ആറ് പോലീസ് സ്റ്റേഷനുകളിൽനിന്നും മലപ്പുറം മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും എത്തിച്ചതാണ് ഈ മൃതദേഹങ്ങൾ. ഇവയിൽ പലതും ഫ്രീസറുകളിൽ സൂക്ഷിക്കാൻപറ്റുന്ന സമയപരിധി കഴിയാറായി. ദിവസങ്ങൾ കഴിയുതോറും മൃതദേഹങ്ങൾ അഴുകാൻ സാധ്യതയുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിലവിൽ പ്രവർത്തനക്ഷമമായ ഏക ഫ്രീസർ യൂണിറ്റിൽ 18 മൃതദേഹങ്ങൾമാത്രമേ സൂക്ഷിക്കാനാവൂ. അജ്ഞാതമൃതദേഹങ്ങളിൽ കുറച്ചെങ്കിലും ഉടൻ സംസ്കരിച്ചില്ലെങ്കിൽ മോർച്ചറി ‘നിറഞ്ഞുകവിയും’. വൈകീട്ട് നാലിനുശേഷമെത്തുന്ന മൃതദേഹങ്ങൾ അടുത്തദിവസമേ പോസ്റ്റ്‌മോർട്ടം ചെയ്യൂ. അത്തരം സാഹചര്യത്തിൽ മൃതദേഹം സൂക്ഷിക്കാൻപോലും സ്ഥലമില്ലാതെവരുമെന്ന ആശങ്കയിലാണ് മോർച്ചറിജീവനക്കാർ. ഇത് പോസ്റ്റ്‌മോർട്ടമടക്കമുള്ള നടപടികളെ ബാധിക്കും. രണ്ട് ഫ്രീസറുകളിലായി 36 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ശേഷിയാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുള്ളത്. പക്ഷേ, ഇതിലൊരു ഫ്രീസർ യൂണിറ്റിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉപയോഗിക്കാൻപറ്റില്ല.
ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന തിരിച്ചറിയാത്ത മൃതദേഹങ്ങൾ നിശ്ചിത സമയപരിധിയും നടപടികളും കഴിഞ്ഞാൽ സംസ്കരിക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. മൃതദേഹം കണ്ടെത്തിയ പോലീസ് സ്റ്റേഷൻ പരിധിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയെ വിവരമറിയിക്കേണ്ടത് പോലീസ് ഇൻസ്പെക്ടറും.
ഒരു വ്യക്തി മരിച്ചാൽ അടുത്തബന്ധുകളെ അധികൃതർ അറിയിക്കണം. എന്നാൽ, ചില സാഹചര്യങ്ങളിൽ ബന്ധുകളെ തിരിച്ചറിയാൻ സാധിക്കാതെവന്നാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, ബന്ധുകളെ തിരിച്ചറിയാനുള്ള അന്വേഷണം പോലീസ് നടത്തണമെന്നാണ് ചട്ടം. മരിച്ചയാളുടെ ചിത്രത്തോടൊപ്പം പത്രത്തിൽ പരസ്യംചെയ്യും. പത്രപ്പരസ്യം നൽകി ഏഴുദിവസം പിന്നിട്ടിട്ടും ബന്ധുക്കളാരും തിരഞ്ഞെത്തിയില്ലെങ്കിൽ അതത് തദ്ദേശസ്വയംഭരണസ്ഥാപനത്തെ പോലീസ് അറിയിക്കണം. മൃതദേഹങ്ങൾ സംസ്കരിക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. സംസ്കാരത്തിന്റെ ചെലവുകൾ വഹിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്. നിയമപ്രകാരം കുഴിവെട്ടി അടക്കാനേ പാടുള്ളൂ. ദഹിപ്പിക്കരുത്. നാളുകൾക്കുശേഷം ബന്ധുക്കളാരെങ്കിലും തിരഞ്ഞെത്തിയാൽ തിരിച്ചറിയൽ നടത്താനാണ് ഇങ്ങനെ ചെയ്യുന്നത്.