കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ. നാല് കുട്ടികൾ ഉൾപ്പെടെയാണ് ചികത്സയിൽ തുടരുന്നത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇയാൾക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് നിരവധി പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്.
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ജാഗ്രത വേണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നുണ്ട്. ഇതിലൂടെ കൃത്യമായ ചികിത്സ നൽകി രോഗം മാറ്റി കൊണ്ടുവരാനും സാധിക്കുന്നു. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയവും അവതരിപ്പിച്ചിരുന്നു.