രാമനാട്ടുകര : ഉദ്യോഗസ്ഥൻ ചമഞ്ഞ് പണംതട്ടിയ കേസിലെ പ്രതി പിടിയിൽ. കാസർകോട് സ്വദേശി തളങ്ങരക്കുന്നിൽ മുഹമ്മദ് മുസ്തഫയെയാണ് ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ധിക്കിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്.
വിജിലൻസ് ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ, ക്രൈംബ്രാഞ്ച് സിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണംതട്ടിയ കേസിലാണ് അറസ്റ്റ്.
ഓഗസ്റ്റ് 26-ന് കുഴിമ്പാടത്ത് ഖദീജ ജോലിചെയ്യുന്ന ഫറോക്ക് ചുങ്കത്തുള്ള റിനു എന്ന തയ്യൽക്കടയിലെത്തി പോലീസാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയിരുന്നു. പോലീസ് കാന്റീനിൽ മുന്തിയതരം തയ്യൽ മെഷീൻ വന്നിട്ടുണ്ടെന്നും അത് കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചുനൽകാമെന്നും പറഞ്ഞ് ഖദീജയിൽനിന്ന് 6000 രൂപ വാങ്ങി മുങ്ങിയിരുന്നു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടിമീത്തലിൽ നാളികേരക്കച്ചവടം നടത്തുന്ന കോയയുടെ കടയിൽച്ചെന്ന്, പ്രതി പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്‌ഐ ആണെന്നാണ് സ്വയംപരിചയപ്പെടുത്തിയത്. സ്റ്റേഷൻ വളപ്പിൽനിന്ന് വലിച്ച രണ്ടായിരത്തിലധികം വരുന്ന തേങ്ങ വെറുതേ കിടക്കുകയാണെന്നും അത് കുറഞ്ഞനിരക്കിൽ നൽകാമെന്നും പറഞ്ഞ് കോയയിൽനിന്ന് 10,000 രൂപ തട്ടിയെന്ന കേസുമുണ്ട്.
ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ പി.സി. സുജിത്, എഎസ്‌ഐ അരുൺകുമാർ മാത്തറ, സിവിൽ പോലീസുകാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ഫറോക്ക് എസ്‌ഐ റാംമോഹൻ റോയി, എഎസ്‌ഐ അബ്ദുൾ റഹീം, സിവിൽ പോലീസുകാരായ അഷറഫ്, സൈബർ സെല്ലിലെ ഇ. സുജിത്ത് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ എസ്ഐ എസ്. അനൂപ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.