കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 10,190 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയും കുറഞ്ഞു. 81,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6520 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വർണവില കുറഞ്ഞു. ലാഭമെടുപ്പമാണ് ഇന്ന് പൊന്നിന്റെ വില കുറയുന്നതിനിടയാക്കിയ പ്രധാന സാഹചര്യം.
ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 3,654.29 ഡോളറായാണ് ഔൺസിന്റെ വില കുറഞ്ഞത്. ബുധനാഴ്ച റെക്കോഡ് നിരക്കായ 3,707 ഡോളറിലെത്തിയതിന് പിന്നാലെയായിരുന്നു സ്വർണവില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഇടിഞ്ഞിട്ടുണ്ട്. 0.8 ശതമാനം ഇടിവാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ രേഖപ്പെടുത്തിയത്. 3,690 ഡോളറായാണ് ഔൺസിന്റെ വില കുറഞ്ഞത്.
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പപലിശനിരക്ക് കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിന് ആനുപാതികമായ മുന്നേറ്റം ആദ്യ മണിക്കൂറുകളിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെ വിപണിയിൽ വില കുറയുകയായിരുന്നു.
അതേസമയം, വായ്പപലിശ നിരക്കുകളിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കുറവ് വരുത്തിയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചിരുന്ന കുറവാണ് പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ റിസർവ് അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഫെഡറൽ റിസർവ് തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയത്. കാൽ ശതമാനം കുറവാണ് പലിശനിരക്കിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.00-4.25 ശതമാനമായി കുറയും. 2025ൽ ഇതാദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുന്നത്. യു.എസ് ലേബർ മാർക്കറ്റിൽ നിന്നുള്ള കണക്കുകളാണ് പലിശനിരക്കുകൾ കുറക്കാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചത്.
സമ്പദ്‍വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് പലിശനിരക്കുകൾ കുറക്കാനുള്ള തീരുമാനം ഫെഡറൽ റിസർവ് എടുത്തത്. ഡോണൾഡ് ട്രംപിന്റെ തീരുവ മൂലം യു.എസ് പണപ്പെരുപ്പത്തിൽ വലയുന്നതിനിടെയാണ് പലിശനിരക്കുകൾ കുറച്ചിരിക്കുന്നത്. പണപ്പെരുപ്പമുണ്ടെങ്കിലും തൊഴിൽ വിപണിയെ പിന്തുണക്കുന്നതിന് വേണ്ടിയാണ് ശക്തമായ തീരുമാനം ഫെഡറൽ റിസർവ് എടുത്തത്.