തമിഴ്നാട്: തമിഴ്‍നാട്ടിൽ പർദധരിച്ച മുസ്‌ലിം സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തമിഴ്നാട് തിരിചെണ്ടൂർ ജില്ലയിലാണ് സംഭവം. ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കണ്ടക്ടറുമായി വാഗ്‌വാദത്തിലേർപ്പെടുന്ന യാത്രക്കാരിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
കായൽപട്ടണത്തിലേക്ക് പോകാൻ ബസിൽ കയറുന്നതിനിടെയാണ് സ്ത്രീയെ കണ്ടക്ടർ തടഞ്ഞത്. കായൽപ്പട്ടണത്തേക്ക് പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് എന്ന് സ്ത്രീ അവകാശപ്പെട്ടെങ്കിലും കണ്ടക്ടർ അവരെ ബസിൽ കയറ്റാൻ കൂട്ടാക്കിയില്ല. ബസിന്റെ മുതലാളിയുടെ നിർദേശപ്രകാരമാണ് കയറാൻ അനുവദിക്കാത്തതെന്നും കണ്ടക്ടർ പറയുന്നു.
വിഡിയോ വൈറലായതിനെ തുടർന്ന് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്‌ടിസി) സ്വകാര്യ ബസ് ട്രാവൽ കമ്പനിയായ വിവിഎസ് ടൂർസ് & ട്രാവൽസിന്റെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി.