കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതിയെ പോലീസ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റു ചെയ്തു. കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിലിനെ (22)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2023ൽ പെരുമണ്ണ സ്വദേശിനിയുമായി ഇയാളുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. പിന്നീട് പല ദിവസങ്ങളിലായി കോഴിക്കോട് കോട്ടപ്പറമ്പിലുള്ള ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയും വയനാട് പൂക്കോട് വെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിനു പിന്നാലെ പ്രതി വിവാഹത്തിൽ നിന്ന് പിൻമാറിയെന്നാണു പരാതി.
തനിക്കെതിരെ കേസെടുത്തത് മനസ്സിലാക്കിയ അൻസിൽ വിദേശത്തേക്കു കടക്കുകയായിരുന്നു. ഇതേത്തുടർന്നു കസബ പോലീസ് ലൂക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചതോടെ പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി. പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി, എസ്‌സിപിഒ ദീപു എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.