കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ആശുപത്രി വിട്ടത്. കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.15 ദിവസത്തെ ഇടവേളകളില്‍ നടത്തിയ രണ്ടു പരിശോധനകളില്‍ സ്രവ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കുട്ടി ആശുപത്രി വിട്ടത്.
നിലവില്‍ ഒന്‍പത് പേരാണ് രോഗം ബാധിച്ച് ആശുപത്രിയിലുള്ളത്. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു മാസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേരാണ് മരണത്തിന് കീഴടങ്ങിയത്.
അമീബിക് മസ്തിഷ്ക ജ്വരം വരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
. മലിനവും കെട്ടിക്കിടക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതുമായ വെള്ളത്തില്‍ മുഖം കഴുകുകയോ കുളിക്കുകയോ നീന്തുകയോ ചെയ്യാതിരിക്കാം.
. കിണറുകള്‍ ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യുക
. ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുക
. മൂക്കിലേക്ക് വെള്ളം കയറ്റുകയോ ഒഴിക്കുകയോ ചെയ്യാതിരിക്കുക
തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് പ്രധാന കാര്യം.