താമരശ്ശേരി: താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാർഥികൾക്കായി നടത്തിയ ടാലൻഷ്യ 2.O മെഗാ ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ചമൽ നിർമ്മല യു.പി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി അൽഫോൻസാ കോളേജിൽ നടന്ന ഗ്രാൻഡ്ഫിനാലയിൽ നിർമ്മല യു.പി സ്കൂളിലെ ഫാത്തിമ ഹംനയും ഫാത്തിമ ഹനയുമാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
വിവിധ റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ഉന്നതമാർക്ക് നേടിയാണ് രണ്ടു മിടുക്കികളും സ്കൂളിന്റെ യശസ്സ് ഉയർത്തിയത്. കന്നൂട്ടിപ്പാറ സ്വദേശികളായ ഹനീഫ, ജെസ്‌ന ദമ്പതികളുടെ മക്കളാണ് ഹനയും ഹംനയും. സുവർണ്ണ ജൂബിലി വർഷത്തിൽ ഈ വിദ്യാർത്ഥികളുടെ മിന്നും വിജയം ജൂബിലി ആഘോഷത്തിന് തിളക്കം കൂട്ടും.
വിജയികൾക്കുള്ള 5000 രൂപയുടെ ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മെമെന്റോ, സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി എന്നിവ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റിമിജിയോസ് ഇഞ്ചനാനിയിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ: പ്രേംകുമാർ എന്നിവരിൽ നിന്നും വിജയികളും, പ്രധാന അധ്യാപിക ജിസ്ന ജോസും, സ്കൂൾ കോർഡിനേറ്റർ ബിജോയ് ജോസഫും ചേർന്ന് ഏറ്റുവാങ്ങി. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് വിജയികളെ അഭിനന്ദിച്ചു. അൽഫോൺസാ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ ടാലൻഷ്യ മെഗാ ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഫാദർ ജിന്റോ വരകിലും, അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വിജയികളെ അനുമോദിച്ചു.