വടകര : ഓൺലൈൻ വഴി പണംതട്ടിയ സൈബർകേസിൽ യുവാവിനെ ചോമ്പാല പോലീസ് പിടികൂടി. തച്ചിരുകുടി മുടിക്കൽ ആഷിക് (38)നെയാണ് ചോമ്പാല പോലീസ് എറണാകുളം പെരുമ്പാവൂരിൽനിന്ന് പിടികൂടിയത്. സാമൂഹികമാധ്യമത്തിൽ കണ്ട ലോൺ ആപ്പ് വഴി ലോണെടുക്കാൻശ്രമിച്ച ഒഞ്ചിയം സ്വദേശിയായ യുവാവിന്റെ 1,11,000 രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത സംഭവത്തിൽ ചോമ്പാല പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
ഇതിനിടെ പണം ആഷിക്കിന്റെപേരിലുള്ള ഫെഡറൽബാങ്ക് പെരുമ്പാവൂർ ബ്രാഞ്ച് അക്കൗണ്ടിലേക്ക് വന്നതായും നേരിട്ട് ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തിയിരുന്നു. ചോമ്പാല പോലീസ് ഇൻസ്പെക്ടർ എസ്.ആർ. സേതുനാഥിന്റെ നിർദേശപ്രകാരം എസ്‌സിപിഒ പി.ടി. സജിത്ത്, പി.വി. വിജേഷ്, വി.കെ.ടി. ഷമീർ എന്നിവർ പെരുമ്പാവൂർ എഎസ്‌പിയുടെ ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.