കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സഹായം നൽകാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തി ഒരുവർഷം പിന്നിട്ടിട്ടും തുടർ നടപടിയില്ല.
നാലുമാസത്തിലധികം നീണ്ട സമരത്തെ തുടർന്നായിരുന്നു സർക്കാർ കണ്ടെത്തിയ 1031 പേരെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ജൂലൈയിൽ നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ വീണ്ടും സമരം തുടങ്ങാനുള്ള തയാറെടുപ്പിലാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി. നേരത്തെ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
2017 ഏപ്രിൽ അഞ്ചുമുതൽ ഒൻപതു വരെ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാംപിൽ നിന്ന് 1905 ദുരിതബാധിതരെ കണ്ടെത്തിയിരുന്നു. പിന്നീട് ലിസ്റ്റ് 257 ആയി ചുരുക്കുകയായിരുന്നു. ഡെപ്യൂട്ടി കലക്ടർ തയാറാക്കിയ പട്ടിക അട്ടിമറിച്ചതിന്റെ ഭാഗമായും സമരങ്ങൾ നടന്നു. വീണ്ടും പട്ടിക പരിശോധിച്ച് 76 പേരെ കൂടി ഉൾപ്പെടുത്തി. അപ്പോഴും കുട്ടികൾ മുഴുവൻ പുറത്തായിരുന്നു.
2019 ജനുവരി 30 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. തുടർന്നു മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ 18 വയസിൽ താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്താനും ബാക്കിയുള്ളവരെ റിപ്പോർട്ട് അനുസരിച്ച് ഉൾപ്പെടുത്താനുമാണ് തീരുമാനിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. 6728 പേരാണ് സർക്കാരിന്റെ പട്ടികയിലുള്ള ദുരിതബാധിതർ. ഇതിൽ മരണപ്പെട്ടവരും ഉൾപ്പെടുന്നു. കിടപ്പിലായവർക്കും മാനസികവെല്ലുവിളി നേരിടുന്നവർക്കും 2200 രൂപയാണ് മാസം പെൻഷൻ നൽകുന്നത്. ഇതിൽ വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് 500 രൂപ കുറച്ചാണ് നൽകുന്നത്.
മറ്റു ദുരിതബാധിതർക്ക് 1200 രൂപയാണ് തുക. ക്യാംപ് നടത്തി കണ്ടെത്തിയിട്ടും 1031 പേർ പട്ടികയിൽ ഉൾപ്പെടാൻ സർക്കാരിന്റെ തീരുമാനം കാത്ത് കഴിയുകയാണ്.