തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടി മാംസം വില്‍പ്പന നടത്തി എന്ന കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ട യുവാവിനെ വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ മിഥുനെയാണ് (30) ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രദേശത്ത് വനംവകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തഹസില്‍ദാര്‍ സ്ഥലത്തെത്തിയിട്ട് മാത്രമേ മൃതദേഹം ഇറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുന്‍ ഉള്‍പ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച്ച ജാമ്യത്തിലിറങ്ങിയ മിഥുന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ മിഥുനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കോട് സെന്ററില്‍ ഓട്ടോ ഡ്രൈവറായിരുന്നു മിഥുന്‍.