ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഒമാനെതിരെ വിയർത്തെങ്കിലും പാകിസ്ഥാനെതിരെ ഇറങ്ങുമ്പോൾ സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും വീര്യം ഇരട്ടിയാവും. കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക സ്പിന്നർമാരുടെ മികവായിരിക്കും. അക്സർ പട്ടേൽ പരിക്കിൽ നിന്ന് മുക്തനായില്ലെങ്കിൽ ഹർഷിത് റാണയ്ക്കോ അർഷദീപ് സിംഗിനോ അവസരം കിട്ടും. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും തിരിച്ചെത്തും. ബാറ്റിംഗ് നിരയിൽ ആശങ്കയില്ല, പരീക്ഷണവും ഉണ്ടാവില്ല. വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യക്ക് മുന്നിൽ കളിമറക്കുന്നതാണ് പാകിസ്ഥാന്റെ വെല്ലുവിളി. ഷഹീൻ ഷാ അഫ്രീദിയും സ്പിന്നർമാരും അവസരത്തിനൊത്ത് ഉയർന്നാലേ അയൽക്കാർക്ക് രക്ഷയുള്ളൂ. ട്വന്റി 20യിൽ ഇരുടീമും നേർക്കുനേർ വരുന്ന പതിനഞ്ചാമത്തെ മത്സരം. പതിനൊന്നിലും ജയം ഇന്ത്യക്കൊപ്പം. പാകിസ്ഥാന്റെ ആശ്വാസം മൂന്ന് ജയം മാത്രം.