റിയാദ്: സൗദിയിൽ വിദേശ കറൻസികൾ കുറഞ്ഞ നിരക്കിൽ വാഗ്‌ദാനം ചെയ്യുന്ന തട്ടിപ്പ് സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൗദി അധികൃതർ. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാജ കറൻസികളുടെ കെണിയിൽ പെട്ട് നിയമ നടപടികൾ നേരിടുന്നവരുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം രാജ്യത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഡോളർ മാറ്റാനെത്തിയ ഒരു മലയാളിയെ വ്യാജ കറൻസി മാറ്റാനെത്തി എന്നതിന്‍റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിലെ ഒരു സ്ഥാപനത്തിൽ നിന്ന് നൽകിയ 100 ഡോളറിന്റെ 25 നോട്ടുകൾ റിയാൽ ആക്കി മാറ്റാനെത്തിയ വേളയിലാണ് തന്‍റെ കയ്യിലുള്ള മുഴുവൻ കറൻസികളും വ്യാജമാണെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞത്.
വിദേശിയായ ഏതോ ഒരു ഉപഭോക്താവ് മൊബൈൽ വാങ്ങാൻ നൽകിയ ഡോളറുകൾ കള്ള നോട്ടാണ് എന്ന് തിരിച്ചറിയാതെയാണ് മലയാളിയായ വ്യക്തി കെണിയിൽ കുടുങ്ങിയത്. ഡോളർ വാങ്ങിയ കച്ചവടക്കാരനായ സുഹൃത്ത് അത് റിയാൽ ആക്കി മാറ്റി നാട്ടിലേക്ക് അയച്ചു കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചതായിരുന്നു എന്നറിയുന്നു. നാട്ടിലുള്ള സുഹൃത്തും സ്ഥാപനവും പണം മാറ്റാനെത്തിയ വ്യക്തിയുമെല്ലാം അന്വേഷണത്തിന്റെ പരിതിയിൽ പെടുന്നുവെന്നതാണ് ഈ കേസിലെ മറ്റൊരു പ്രശ്നം. വ്യാജ കറൻസി കൈമാറിയ വിദേശിയോ സന്ദർശകനോ ആയ വ്യക്തിയെ ഇത്തരം കേസുകളിൽ പിടികൂടാൻ പെട്ടെന്ന് കഴിയുന്നില്ല എന്നതും ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നു.
മക്കയിലും മദീനയിലും ജിദ്ദയിലുമൊക്കെയുള്ള മൊബൈൽ ഫോൺ ഷോപ്പുകളിലും മറ്റു കച്ചവട സ്ഥാപനങ്ങളിലും എത്തുന്ന വിദേശികൾ ഡോളറും മറ്റും നൽകി മൊബൈൽ ഫോണുകളും മറ്റു സാധനങ്ങളും വാങ്ങുന്ന പതിവ് സാധാരണയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കച്ചവട സ്ഥാപനങ്ങൾ സാധാരണ റിയാൽ വാങ്ങുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് വിദേശ കറൻസികൾ തന്നെ സ്വീകരിക്കുന്നത്. ഇതിൽ ഒളിഞ്ഞു കിടക്കുന്ന ചതിയെക്കുറിച്ച് പലപ്പോഴും ആളുകൾ മനസ്സിലാക്കാതെ പോകുന്നത് മുഖേന ധാരാളം ആളുകൾ വ്യാജ കറൻസിയുടെ കെണിയിൽ പെടുന്ന അവസ്ഥ കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ നിരക്കിൽ വിദേശ കറൻസികൾ വാഗ്ദാനം ചെയ്യുന്ന തരത്തിൽ നിരവധി വ്യാജ പരസ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതിലും മലയാളികളടക്കമുള്ള ആളുകൾ പെടുന്നതായി റിപ്പോർട്ടുണ്ട്. വിപണി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇത്തരക്കാർ വിദേശ കറൻസികൾ വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും നൽകുന്ന പതിവുമുണ്ട്. എന്നാൽ ഇത് പലപ്പോഴും വ്യാജ കറൻസി കളായിരിക്കുമെന്നതാണ് വസ്തുത. യഥാർഥ കറൻസികളാണെങ്കിലും സംശയാസ്പദമായ സാഹചര്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനാൽ അത് കൈകാര്യം ചെയ്യുന്ന ആളുകൾ നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു