ന്യൂഡല്‍ഹി: പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വ്യോമവിലക്ക് ഒക്ടോബര്‍ 23 വരെ നീട്ടി. ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പാകിസ്താന്‍ നീട്ടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും പരസ്പരം വ്യോമവിലക്ക് പ്രഖ്യാപിച്ചത്.
മറ്റ് രാജ്യങ്ങളുടെ വിമാന സര്‍വീസുകള്‍ക്ക് ഇരു വ്യോമപാതകളും ഉപയോഗിക്കാനാവും. പാക് വ്യോമ മേഖല അടച്ചതോടെ ഉത്തരേന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ദൂരം കൂടിയ ബദല്‍ സര്‍വീസുകളാണ് ഉപയോഗിക്കുന്നത്. 150ഓളം വിമാനങ്ങളാണ് പാക് വ്യോമപാത ഉപയോഗപ്പെടുത്തി സര്‍വീസ് നടത്തിയിരുന്നത്. വിലക്ക് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ട്രാന്‍സിറ്റ് ഗതാഗതം 20 ശതമാനം കുറയുകയും ചെയ്തിരുന്നു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധവും വിച്ഛേദിച്ചിരുന്നു. ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ പാകിസ്താന്‍ വ്യോമപാത അടച്ചു. തുടക്കത്തില്‍ ഒരുമാസത്തേക്കായിരുന്നു വിലക്ക്. ഇതിന് മറുപടിയായി ഇന്ത്യയും ഏപ്രില്‍ 30ന് പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കുകയായിരുന്നു.