റോം: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ഇറ്റലിയിൽ വൻ പ്രതിഷേധം. പതിനായിരങ്ങൾ അണിനിരന്ന ഇതുവരെ കാണാത്ത പ്രതിഷേധത്തിനാണ് ഇറ്റലി സാക്ഷ്യം വഹിച്ചത്. ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ ട്രെയിനുകൾ തടയുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. തുറമുഖങ്ങൾക്ക് മുന്നിലും പ്രതിഷേധമുണ്ടായി. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് ഇറ്റലിയിൽ പ്രതിഷേധമുണ്ടായത്.
ഫ്രാൻസ് ഉൾപ്പടെ നിരവധി യുറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടും അതിൽ നിന്നും അകലം പാലിക്കുന്ന സമീപനമാണ് ഇറ്റലി സ്വീകരിക്കുന്നത്. ഇതും വലിയ പ്രതിഷേധം രാജ്യത്ത് ഉയരാൻ കാരണമായിരുന്നു. തിങ്കളാഴ്ച 24 മണിക്കൂർ നീളുന്ന പണിമുടക്കിനാണ് ഇറ്റലിയിൽ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തത്. പണിമുടക്കിനിടെയുണ്ടായ സംഘർഷങ്ങൾ പൊലീസുകാർക്ക് ഉൾപ്പടെ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളെ അപലപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലാനി രംഗത്തെത്തി.
ഇസ്രായേലിന് തിരിച്ചടി; ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ കൂടി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു
വാഷിങ്ടൺ: ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ കൂടി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. യു.എൻ പൊതുസഭയുടെ സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഫ്രാൻസിന് പുറമേ ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണോക്കോ, അൻഡോറ തുടങ്ങിയ രാജ്യങ്ങളാണ് ഫലസ്തീന് അംഗീകാരം നൽകിയത്.
നേരത്തെ ആസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. സമയം വന്നത് കൊണ്ടാണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. രണ്ട് രാജ്യങ്ങളിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ 193 അംഗം യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം 147 ആയി ഉയർന്നു. അന്താരാഷ്ട്ര സമൂഹത്തിൽ 80 ശതമാനവും ഇപ്പോൾ ഫലസ്തീനെ പിന്തുണക്കുന്നുണ്ട്. ഇതോടെ ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ കടുത്ത നയതന്ത്ര സമ്മർദം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ തുടച്ചുനീക്കി യുദ്ധലക്ഷ്യം നേടും. ഇറാനിയൻ അച്ചുതണ്ടിനെ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന്റെ സഖ്യരാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയും യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തിയിരുന്നു.