ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. 41 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറിൽ 127 റൺസിന് ഓൾഔട്ടായി.
51 പന്തിൽ 69 റൺസെടുത്ത ഓപണർ സെയ്ഫ് ഹസൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ചെറുത്ത് നിന്നത്. 21 റൺസെടുത്ത പർവേസ് ഹുസൈൻ ഇമോനെയും മാറ്റി നിർത്തിയാൽ ബംഗ്ലാ നിരയിൽ ആരും രണ്ടക്കം പോലും കടന്നില്ല. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യയുടെ ജയത്തോടെ ശ്രീലങ്ക ടൂർണമെന്റിൽനിന്നു പുറത്തായി. വ്യാഴാഴ്ച നടക്കുന്ന ബംഗ്ലദേശ്– പാകിസ്താൻ മത്സരത്തിലെ വിജയിയാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ (37 പന്തിൽ 75 റൺസ്) വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
പവർ പ്ലേയിൽ തകർത്തടിച്ച ഇന്ത്യയുടെ സ്കോറിങ് പിന്നീട് മന്ദഗതിയിലായി. 61 പന്തിൽ നൂറിലെത്തിയ ഇന്ത്യക്ക് പിന്നീടുള്ള 59 പന്തിൽ നേടാനായത് 67 റൺസ് മാത്രം. 37 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്താണ് അഭിഷേക് പുറത്തായത്. ഗിൽ 19 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 29 റൺസെടുത്തു. ഇരുവരും ഒന്നാം വിക്കറ്റിൽ 6.2 ഓവറിൽ 77 റൺസാണ് അടിച്ചെടുത്തത്.
ഹാർദിക് 29 പന്തിൽ 38 റൺസെടുത്തും അക്സർ പട്ടേൽ 15 പന്തിൽ 10 റൺസെടുത്തും പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണർമാരായ അഭിഷേകും ഗില്ലും നൽകിയത്. ആദ്യ മൂന്നോവറില്‍ കാര്യമായ റൺസ് വന്നില്ല, നേടിയത് 17 റൺസ് മാത്രം. പിന്നാലെ ഇരുവരും വെടിക്കെട്ടിന് തിരികൊളുത്തി. നാലാം ഓവറില്‍ 21 റണ്‍സ് നേടിയപ്പോള്‍ പിന്നീടുള്ള രണ്ടോവറിലും 17 റണ്‍സ് വീതം അടിച്ചെടുത്തു. ഇന്ത്യ ആറോവറില്‍ 72 റണ്‍സെടുത്തു.
റിഷാദ് ഹുസൈൻ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഗിൽ, തൻസിം ഹസന്‍റെ കൈകളിലെത്തി. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായെത്തിയ ശിവം ദുബെയും (മൂന്നു പന്തിൽ രണ്ട്) വേഗത്തിൽ മടങ്ങി. 11 പന്തിൽ അഞ്ചു റൺസെടുത്ത നായകൻ സൂര്യകുമാർ യാദവിനെ മുസ്താഫിസുർ റഹ്മാൻ പുറത്താക്കി. തിലക് വർമയാണ് (ഏഴു പന്തിൽ അഞ്ച്) പുറത്തായ മറ്റൊരു താരം. വണ്‍ഡൗണായി ദുബെയെയും ഏഴാമനായി അക്സർ പട്ടേലിനെയും ഇറക്കി ഇന്ത്യ ‘പരീക്ഷണം’ നടത്തിയതോടെ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്നു ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി