ടെൽ അവിവ്: ബുധനാഴ്ച ഗാസ മുനമ്പിലുടനീളം ഇസ്രായേലി സൈന്യം നടത്തിയ വെടിവയ്പ്പിൽ 84 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ മധ്യ ദറാജ് പരിസരത്തുള്ള ഫിറാസ് മാർക്കറ്റിന് സമീപം ഒരു കെട്ടിടത്തിലും കുടിയിറക്കപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന ടെന്റുകളിലും രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. രണ്ട് ഹമാസ് പോരാളികളെ ആക്രമിച്ചതായും കൊല്ലപ്പെട്ടവരുടെ എണ്ണം സ്വന്തം വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണെന്ന് ഇസ്രായേൽ പറയുന്ന നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഇസ്രായേലി ടാങ്കുകളും സൈനികരും ആക്രമണം തുടർന്നുവെന്നും റിപ്പോർട്ടുകൾ. അതേസമയം ആക്രമണം അവസാനിപ്പിക്കാൻ ഹമാസിനെ പുറന്തള്ളുന്നതടക്കം 21 ഉപാധികൾ അമേരിക്ക മുന്നോട്ടുവെച്ചു. ഇസ്രായേലിലേക്ക് ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഗ്ലോബൽ ഫ്ലോട്ടിലയ്ക്ക് നേരെ ഇസ്രായേൽ വീണ്ടും ഭീഷണിമുഴക്കി.
ഗാസ സിറ്റിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സേന വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഇന്നലെ മാത്രം നിരവധി കുട്ടികൾ ഉൾപ്പെടെ 84 പേരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ ദറജ് പ്രദേശത്ത് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിനു മേൽ ഇസ്രായേൽ ബോംബിങ്ങിൽ 22 പേർ കൊല്ലപ്പെട്ടു. സേനയും ഹമാസ് പോരാളികളും കനത്ത ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്.
ആറു ലക്ഷത്തോളം പേർ പലായനം ചെയ്ത ഗാസ സിറ്റിയിൽ ഇപ്പോഴും അഞ്ചു ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച റോബോട്ടുകളും കവചിത വാഹനങ്ങളും ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം. ഹമാസ് പോരാളികൾ നടത്തിയ പ്രത്യാക്രമണത്തിൽ 3 സൈനിക ടാങ്കുകൾ തകർന്ന് ഏതാനും സൈനികർ കൊല്ലപ്പെട്ടു.
ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം മുസ്ലിം നേതാക്കളെ കണ്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗാസ യുദ്ധവിരാമത്തിന് 21 ഇന ഉപാധികൾ മന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്. ബന്ദികളുടെ മോചനവും ഗാസയിൽ നിന്നുള്ള ഹമാസ് പുറന്തള്ളലുമാണ് ഇതിൽ പ്രധാനം.