ന്യൂഡൽഹി: ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം (fundamental act of desecration is the very erection of the mosque) എന്ന് മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് അയോധ്യാ വിധി പുറപ്പെടുവിച്ചതെന്നും ചന്ദ്രചൂഢ്. എൻ.ഡി.ടി.വി മുൻ മാനേജിംഗ് എഡിറ്റർ ശ്രീനിവാസൻ ജെയിനുമായുള്ള അഭിമുഖത്തിലാണ് തന്റെ വിധികളെ കുറിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ചന്ദ്രചൂഢ് ഇക്കാര്യം പറഞ്ഞത്.
1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിൻ്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് 'മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം' എന്ന് ചന്ദ്രചൂഡ് പറഞ്ഞത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനിൽക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം.
1991-ലെ ആരാധനാലയ സംരക്ഷണ നിയമം മതസ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നത് വിലക്കിയിരിക്കെ ഗ്യാൻവാപി മസ്ജിദിൽ സർവേ അനുവദിച്ച വിധി പുറപ്പെടുവിച്ചതിൻ്റെ ന്യായമെന്ത് എന്ന ചോദ്യത്തിന്, ഗ്യാൻവാപി സൈറ്റിന്റെ മതസ്വഭാവം 'അടഞ്ഞ അധ്യായമല്ല' എന്നും ഹിന്ദുക്കൾ മസ്ജിദിന്റെ നിലവറയിൽ 'നൂറ്റാണ്ടുകളായി' ആരാധന നടത്തിയിരുന്നുവെന്നും ചന്ദ്രചൂഢ് പറഞ്ഞു. മുസ്‌ലിം പക്ഷത്ത് നിന്ന് ഈ അവകാശവാദത്തെ നിരന്തരം എതിർത്തിട്ടും ഈ വാദം 'സംശയരഹിതമായ' സത്യമാണെന്നും അദേഹം അവകാശപ്പെട്ടു.
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന സർക്കാർ ഉറപ്പ് സുപ്രിം കോടതി അംഗീകരിച്ചതിനെ ന്യായീകരിച്ച ചന്ദ്രചൂഡ് ദേശീയ താൽപ്പര്യത്തിനായി സുരക്ഷാ കാരണങ്ങളാൽ സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് വാദിച്ചു. വിരമിച്ച ശേഷം സർക്കാർ പദവികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും വിരമിച്ച ജഡ്ജിമാർ എന്തുചെയ്യണം എന്നതിനെക്കുറിച്ച് കർക്കശമായ ആശയങ്ങൾ തനിക്കില്ലെന്നും ഓരോരുത്തർക്കും അവരവരുടെ വഴി എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് ലോൻഡ്രിയാണ് ഇന്റർവ്യൂ പുറത്തുവിട്ടിരിക്കുന്നത്.