അബുദാബി: യുഎഇയിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്‍റെ പുറം കവർ പേജിന്‍റെ പകർപ്പും സമർപ്പിക്കണം. കഴിഞ്ഞ ആഴ്ച മുതലാണ് ഈ നിബന്ധന നിലവിൽ വന്നതെന്ന് വിദഗ്ധർ അറിയിച്ചു. ദുബൈയിലെ ആമർ സെന്‍ററുകളും ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്‍ററുകളും ഇക്കാര്യം അറിയിച്ചു. പുതിയ നിബന്ധന സംബന്ധിച്ചുള്ള സർക്കുലർ ഈ മാസം ലഭിച്ചതായി സെന്‍ററുകളിലെ ജീവനക്കാർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുതൽ ഈ നിബന്ധന കൂടി ചേർത്തിട്ടുണ്ടെന്ന് ഒരു ആമർ സെന്‍റര്‍ പ്രതിനിധി പറഞ്ഞു. എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും പാസ്‌പോർട്ടിന്‍റെ പുറം പേജ് നിർബന്ധിത രേഖയായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും എല്ലാതരം വിസകൾക്കും ഇത് ബാധകമാണെന്നും സർക്കുലറിൽ പറയുന്നു. പുതിയ വിസ അപേക്ഷകളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. എൻട്രി പെർമിറ്റിനായി അപേക്ഷിക്കുന്നവർ ഇനി പാസ്‌പോർട്ട് കോപ്പി, വ്യക്തമായ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ, റിട്ടേൺ ടിക്കറ്റ് കോപ്പി, പാസ്‌പോർട്ട് പുറം പേജ് എന്നിവ സമർപ്പിക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവ ഇതുവരെ ഇതുസംബന്ധമായി പ്രസ്താവന പുറത്തിറക്കിയിട്ടില്ല.