ന്യൂഡൽഹി: ഡൽഹിയിൽ മർദനമേറ്റ മലയാളി വിദ്യാർഥികൾ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. സാക്കിർ ഹുസൈൻ കോളജ് ഒന്നാം വർഷ വിദ്യാർഥികളായ അശ്വന്ത്, സുധീൻ എന്നിവരാണ് പരാതി നൽകിയത്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
ഈ മാസം 24ന് ആയിരുന്നു ചെങ്കോട്ടയുടെ പരിസരത്തു വച്ച് മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ച് ആദ്യം ഒരു സംഘം ആക്രോശിക്കുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സഹായം തേടിയ പൊലീസുകാരനും സമാന നിലപാടാണ് വിദ്യാർഥികളോട് സ്വീകരിച്ചത്.
ബൂട്ടിട്ട് മുഖത്ത് ചവിട്ടുകയും വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങളിലടക്കം മർദിക്കുകയും ചെയ്തിരുന്നു. മുണ്ട് ഉടുത്തതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ ഡിസിപിക്ക് വിദ്യാർഥികൾ പരാതി നൽകിയിരുന്നു. വിഷയത്തിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് കൂടി പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വി. ശിവദാസൻ എംപി കത്തയച്ചിരുന്നു.