വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു
ചെന്നൈ: തമിഴകം വെട്രി കഴകം പ്രസിഡന്റ് വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കരൂർ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാനും കേൾക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ.
അതേസമയം കരൂർ ദുരന്തത്തിൽ മരണം 40 ആയി
വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ദുരന്തം നടന്ന ദിവസം ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് ഇന്നലെ മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്