ദുബായ്: ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. പാകിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. എന്നാൽ ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാനും പാക് ആഭ്യന്തരമന്ത്രിയും കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്.
ആദ്യമായാണ് ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നത്. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. ഈ ടൂർണമെന്റിൽ പരസ്പരം ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പാകിസ്ഥാനെതിരെ വിജയം നേടി. അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും 4 വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.
പാകിസ്ഥാനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 5ന് 150. ഒരു ഘട്ടത്തില്‍ 20-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 53 പന്തുകള്‍ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റണ്‍സ് നേടി.