മുംബൈ: പി.സി.ബിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക. ഏഷ്യ കപ്പ് ട്രോഫിയുമായി ആഘോഷം നടത്താൻ ഇന്ത്യയെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അനുവദിച്ചില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഏഷ്യ കപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മത്സരത്തിന് ശേഷം പി.സി.ബി തലവൻ മൊഹ്സിൻ നഖ്‍വി ട്രോഫിയുമായി ഹോട്ടലിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.ഏഷ്യ കപ്പിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പാകിസ്താൻ ആഭ്യന്തരമന്ത്രി കൂടിയായ മുഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. തുടർന്ന് ട്രോഫിയുമായി നഖ്‍വി ഹോട്ടലിലേക്ക് പോവുകയായിരുന്നു. മത്സരത്തിലെ വിജയത്തിന് ശേഷം ട്രോഫിയില്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആഘോഷം നടത്തിയത്.
നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ല എന്നത് ടീമിന്റെ തീരുമാനമായിരുന്നു. ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കുകയും ചെയ്തു. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, ഇത് അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യയുമായി സംഘർഷത്തിലുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധിയിൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്നത് രാജ്യത്തിന്റെ നിലപാടാണ്. എന്നാൽ, ട്രോഫിയും മെഡലുകളുമായി നഖ്‍വി പോയത് ഒരിക്കലും അംഗീകരിക്കാനാവില്ല. നവംബറിൽ നടക്കുന്ന ഐ.സി.സി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതാദ്യമായാണ് ജയിച്ച ഒരു ടീം ട്രോഫിയില്ലാതെ ആഘോഷം നടത്തുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. നേരത്തെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ പാക് താരങ്ങൾക്ക് ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാൻ വിസമ്മതിച്ചതും വിവാദമായിരുന്നു. ത്രില്ലർ പോരിനൊടുവിൽ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി ഇന്ത്യ. കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
146 റൺസ് പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ വൻ തകർച്ച നേരിട്ടെങ്കിലും തിലക് വർമയുടെ ഗംഭീര ചെറുത്ത് നിൽപ്പിൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 53 പന്തിൽ 69 റൺസെടുത്ത തിലക് വർമ പുറത്താകാതെ നിന്നു.