ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ പുതിയ വെടിനിർത്തൽ ചർച്ചകളുമായി ബന്ധപ്പെട്ട് വാഷിങ്ടണിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച് ഖത്തർ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണമൊന്നും നൽകിയിട്ടില്ല.
ഈ മാസം ഒമ്പതിനായിരുന്നു മധ്യസ്ഥ ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഖത്തർ സുരക്ഷ സേനാംഗം ഉൾപ്പെടെ ആറുപേർ മരിച്ചിരുന്നു.
*നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയിൽ പുതിയ വെടിനിർത്തൽ പദ്ധതി?*
തെൽഅവിവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയത് ഗസ്സയിൽ പുതിയ വെടിനിർത്തൽ പദ്ധതിയുമായെന്ന് റിപ്പോർട്ട്. ഞായറാഴ്ച യു.എസിലേക്ക് പുറപ്പെടുംമുന്നേ, ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇതുസംബന്ധിച്ച സൂചന നെതന്യാഹു നൽകി. പുതിയ വെടിനിർത്തൽ പദ്ധതി തങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് ചർച്ചയിൽ ഇതുസംബന്ധിച്ച് അന്തിമരൂപം നൽകാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയാറായില്ല.
കഴിഞ്ഞയാഴ്ച, യു.എൻ പൊതുസഭയിൽ ഗസ്സ വംശഹത്യ സംബന്ധിച്ച് നടന്ന ചർച്ചയും കൂടുതൽ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയതും ഇസ്രായേലിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. തുടർന്നാണ്, വെടിനിർത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നാതിനായി അദ്ദേഹം വൈറ്റ്ഹൗസിലേക്ക് തിരിച്ചത്. ഈ വർഷം ഇതു നാലാം തവണയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
നേരത്തേ, യു.എൻ പൊതുസഭ സമ്മേളനത്തിനെത്തിയ അറബ് നേതാക്കളുമായി ട്രംപ് വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്തിരുന്നു. 21 ഇന വെടിനിർത്തൽ പദ്ധതിയിൽ 48 മണിക്കൂറിനുള്ളിൽ ബന്ദികളെ മോചിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ഗസ്സയുടെ ഗവർണറായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ നിയമിക്കണമെന്നും ഹമാസ് നേതാക്കൾക്ക് ഉപാധികളോടെ പൊതുമാപ്പ് നൽകണമെന്നുമൊക്കെയാണ് മറ്റു നിർദേശങ്ങൾ. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച പ്രപ്പോസൽ ലഭിച്ചിട്ടില്ലെന്നാണ് ഹമാസ് വക്താക്കൾ പറയുന്നത്. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ 21ഇന നിർദേശങ്ങളായിരിക്കും പ്രധാന ചർച്ച. ഇതിന് നെതന്യാഹു വഴങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വെടിനിർത്തൽ ചർച്ച തുടരുമ്പോഴും ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 36 മണിക്കൂറിനിടെ 60ൽ അധികം പേർ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടു. രണ്ടു വർഷത്തിനിടെ ഗസ്സയിൽ 66,000 പേർ കൊല്ലപ്പെട്ടുവെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നത്