ചീരാൽ: ചീരാൽ പുളിഞ്ചാലിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് ഇന്നലെ സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചയോടെ പുലി കുടുങ്ങിയത്. ഇന്നലെ രാവിലെ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിച്ചത്. തുടർച്ചയായി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുകയും ചെയ്ത പുലി കൂട്ടിലായത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി. പിടികൂടിയ പുലിയെ ആരോഗ്യപരിശോധനകൾക്ക് ശേഷം ഉൾവനത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.